പതഞ്ജലി ഉൾപ്പെടയുള്ള ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു: ലോകാര്യോഗസംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ, യോഗ ഗുരു ബാബാ രാംദേവിന്‍റെ പതഞ്ജലി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ദിവ്യ ഫാർമസി ഉൾപ്പെടെയുള്ള 16 ഇന്ത്യൻ കമ്പനികളിൽ നിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് നേപ്പാൾ. ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിപ്പാര്‍ട്ട്‌മെന്റാണ് പട്ടിക പുറത്തുവിട്ടത്. അലോപ്പതി, ആയുർവേദ മരുന്ന് നിർമ്മാതാക്കൾ പട്ടികയിലുണ്ട്.

രാജ്യത്തേക്ക് ഔഷധ ഇറക്കുമതി ചെയ്യാൻ അനുമതി തേടിയ കമ്പനികളുടെ നിർമ്മാണ ശാലകളുടെ . പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിച്ചല്ല ഇവർ നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയ ശേഷമാണ് നടപടിയെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ കമ്പനികളില്‍ ചിലത് നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണെന്നും മറ്റുള്ളവ പുതിയതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിൽ, ജൂലൈ മാസങ്ങളിൽ നേപ്പാൾ ഒരു സംഘത്തെ പരിശോധനയ്ക്കായി ഇന്ത്യയിലേക്ക് അയച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിക്കുന്ന മരുന്നുകളിൽ ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ, ദന്തചികിത്സയ്ക്ക് ഉപയോഗിക്കുന്നവ, വാക്സിനുകൾ എന്നിവ ഉൾപ്പെടുന്നു.