പാസ്‌വേഡ് ഷെയറിംഗ് നിയന്ത്രിക്കാൻ നെറ്റ്ഫ്ളിക്സ്; നടപടി 2023 തുടക്കത്തിൽ നിലവിൽ വന്നേക്കും

ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് ഉള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. മിക്ക ആളുകളും അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഷെയര്‍ ചെയ്താണ് ഉപയോഗിക്കുന്നത്. ഒരു വ്യക്തി നെറ്റ്ഫ്ലിക്സ് അക്കൗണ്ടിലേക്ക് സബ്സ്ക്രൈബ് ചെയ്ത്, അത് മറ്റുള്ളവരുമായി പങ്കിടുന്ന രീതിയാണ് കണ്ടുവരുന്നത്.

ഒരേ സമയം ഒരേ അക്കൗണ്ട് ഉപയോഗിച്ച് വീഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അക്കൗണ്ട് പാസ്‌വേഡ് പങ്കിടുന്നവരെ നെറ്റ്ഫ്ലിക്സ് ഇതുവരെ പൂർണ്ണമായും നിയന്ത്രിച്ചിട്ടില്ല. എന്നിരുന്നാലും, നെറ്റ്ഫ്ലിക്സ് ഇതിനായുള്ള വിവിധ വഴികൾ തേടുകയായിരുന്നു.

സ്വന്തം വീട്ടിലില്ലാത്ത ആളുകളുമായി അക്കൗണ്ട് പങ്കിടുന്നത് നിർത്താൻ നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ഇത് 2023 തുടക്കത്തോടെ തന്നെ സംഭവിക്കാനും സാധ്യതയുണ്ട്.