കുവൈത്തിലെ പുതിയ ഒ​മൈക്രോ​ൺ ഉ​പ​വ​ക​ഭേദം; മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

കു​വൈ​ത്ത് സി​റ്റി: ഒ​മൈക്രോ​ൺ ഉ​പ​വ​ക​ഭേ​ദ​മാ​യ എ​ക്​സ്.​ബി.​ബി- 1.5 കഴിഞ്ഞ ദിവസം കുവൈത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷം ജനങ്ങൾ പാലിക്കേണ്ട മുൻകരുതൽ നിർദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. പുതിയ കോവിഡ് സാഹചര്യത്തിൽ എങ്ങനെ ജാഗ്രത പുലർത്തണമെന്നും പുതിയ കോവിഡ് വകഭേദത്തിന്‍റെ വ്യാപന ക്ഷമതയെക്കുറിച്ചും പ്രിവന്റ്റീവ് ഹെൽത്ത് ഡോക്ടർ അബ്ദുള്ള ബെഹ്ബെഹാനി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എക്സ്.ബി.ബി.1.5 അതിവേഗം വ്യാപിക്കുകയും എളുപ്പത്തിൽ പകരുകയും ചെയ്യം.

ഈ പ്രത്യേക വിഭാഗം വൈറസുകൾക്ക് രോഗബാധിതരുടെ രോഗപ്രതിരോധ സംവിധാനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവുണ്ട്. അതിനാൽ, മുൻകാലങ്ങളിൽ കോവിഡിന്‍റെ മറ്റ് വകഭേദങ്ങൾ ബാധിച്ചവർക്കും ഈ പുതിയ വകഭേദം വീണ്ടും ബാധിക്കാൻ സാധ്യതയുണ്ട്. ജലദോഷം, തുമ്മൽ, ശരീരവേദന, തൊണ്ടവേദന തുടങ്ങിയ ശൈത്യകാല രോഗങ്ങളുടെ ലക്ഷണങ്ങളാണ് ഈ വകഭേദത്തിനുമുള്ളതെന്ന് ബെഹ്ബെഹാനി വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം നടത്തിയ വിജയകരമായ എപ്പിഡെമിയോളജിക്കൽ നിരീക്ഷണത്തിന്‍റെ ഫലമായാണ് രാജ്യത്ത് ഈ വകഭേദത്തെ വേഗത്തിൽ കണ്ടെത്തിയത്.

വരും ദിവസങ്ങളിൽ, ഈ വകഭേദം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കാനും വലിയ പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്. രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്ന വിട്ടുമാറാത്ത രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗപ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിനും പ്രായമായവർക്കും ഇതിന്‍റെ അപകട സാധ്യത കൂടുതലാണെന്ന് അദ്ദേഹം വിശദീകരിച്ചു. തിരക്കേറിയതും അടച്ചതുമായ സ്ഥലങ്ങളിലും മെഡിക്കൽ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ളിലും മാസ്ക് നിർബന്ധമായും ധരിക്കണം. രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകാൻ പാടില്ല. എല്ലാവരും കോവിഡ് വാക്സിനുകൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.