എഞ്ചിനുകളില്‍ മാറ്റം വരുത്തേണ്ട, രാജ്യത്ത് ഇ20 ഇന്ധനം ഏപ്രിൽ മുതൽ

ഡൽഹി : പെട്രോളിൽ ചേർക്കുന്ന എഥനോളിന്‍റെ അളവ് ഏപ്രിൽ മുതൽ 20 ശതമാനമാക്കി തുടങ്ങുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. കൂടുതൽ പ്രകൃതി സൗഹൃദ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാൻ വാഹന നിർമ്മാതാക്കളോട് മന്ത്രി ആവശ്യപ്പെട്ടു. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ രാജ്യം നിർണായക പുരോഗതി കൈവരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നോയിഡയിൽ നടന്ന ഓട്ടോ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

2014 ൽ പെട്രോളിൽ എഥനോൾ മിശ്രിതത്തിന്‍റെ അളവ് 1.53 ശതമാനമായിരുന്നു. എന്നാൽ 2022 ഓടെ ഇത് 10.17 ശതമാനമായി ഉയർത്തി. 2022 നവംബറോടെ രാജ്യം ഈ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ലക്ഷ്യം ഇതിനകം കൈവരിച്ചു. 2030 ഓടെ പെട്രോളിലെ എഥനോളിന്‍റെ അളവ് 20 ശതമാനമായി ഉയർത്തുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. എന്നാൽ 2026 ഓടെ ഈ ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

നോയിഡയിൽ ഓട്ടോ എക്സ്പോയിൽ എഥനോൾ പവലിയൻ ഉദ്ഘാടനം ചെയ്ത ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ വായു മലിനീകരണം വലിയ വെല്ലുവിളിയായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ഇതിനായി കാറുകളുടെ എഞ്ചിൻ മാറ്റേണ്ട ആവശ്യമില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.