ഇനി സൂപ്പർഹീറോ; എൻ എഫ് ടി പുറത്തിറക്കി ഡോണൾഡ് ട്രംപ്

ഹീറോയായും ബഹിരാകാശ സഞ്ചാരിയായും റേസിങ് കാർ ഡ്രൈവറായും വേഷമിട്ട് ഡിജിറ്റൽ ട്രേഡിങ് കാർഡുകൾ പുറത്തിറക്കി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ കരിയറും ജീവിതവും ഈ കാർഡുകളിലാണെന്നും എൻ.എഫ്.ടി പുറത്തിറക്കി കൊണ്ട് ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കഴിഞ്ഞമാസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനപ്പെട്ട കാര്യം എല്ലാവരോടും പറയാനുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയമായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും സ്വന്തം പാർട്ടി പ്രവർത്തകർ പോലും ട്രംപിന്റെ പ്രമോഷനൽ വിഡിയോ കണ്ട് ഞെട്ടി ഇരിക്കുകയാണ്.

‘ട്രൂത്ത് സോഷ്യൽ’ എന്ന തന്റെ സ്വന്തം സമൂഹമാധ്യമത്തിലാണ് ട്രംപ് വിഡിയോ പുറത്ത് വിട്ടത്. ട്രംപ് ടവറിന് മുന്നിൽ നിൽക്കുന്ന ട്രംപിനെയാണ് വിഡിയോയിൽ കാണാനാവുക. പാതി തുറന്ന ഷർട്ടിനുള്ളിൽ ‘T’ അടയാളത്തോട് കൂടിയ സൂപ്പർ ഹീറോവേഷവും കണ്ണുകളിൽ നിന്ന് ലേസർ രശ്മികൾ പുറപ്പെടുന്നതുമാണ് ഒരു കാർഡിലുള്ളത്.