ഓണ്‍ലൈന്‍ വില്‍പ്പനയിൽ ബിഐഎസ് നിലവാരമുള്ള ഉത്പന്നങ്ങള്‍ക്കുമാത്രം അനുമതി നല്‍കും

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് കമ്പനികൾ വഴി ഓൺലൈനിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ബിഐഎസ് നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രം ഓൺലൈൻ വിൽപ്പന അനുവദിക്കാനാണ് നീക്കം. ഇക്കാര്യം ചർച്ച ചെയ്യാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ഉദ്യോഗസ്ഥർ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുൾപ്പെടെയുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.

അവരുടെ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്ത വിൽപ്പനക്കാർ നൽകുന്നത് ബിഐഎസ് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണോ എന്ന് കണ്ടെത്താൻ ഒരു മാർഗവുമില്ലെന്ന് കമ്പനികൾ പറഞ്ഞു. ഇതിന് പരിഹാരമായി, വിൽപ്പനക്കാർ സമർപ്പിച്ച ലൈസൻസുകൾ ഓട്ടോമാറ്റിക്കായി പരിശോധിക്കാനും ബിഐഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ബിഐഎസും കമ്പനികളും ഒരു സാങ്കേതിക സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

10 ദിവസത്തിനുള്ളിൽ ഇത് തയ്യാറാക്കാൻ ശ്രമിക്കുകയാണെന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. സാധനങ്ങൾ തിരിച്ചയയ്ക്കുന്നതും ഗുണനിലവാരമില്ലെങ്കിൽ പരാതിപ്പെടുന്നതും ജനങ്ങൾ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.