പേയ്‌മെന്റ് പ്രൊട്ടക്ട് ഫീച്ചർ അവതരിപ്പിച്ച് പേടിഎം

രാജ്യത്തെ ഓൺലൈൻ ഇടപാടുകൾ സുരക്ഷിതമാക്കാൻ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഫീച്ചർ അവതരിപ്പിച്ച് പേടിഎം. ‘പേടിഎം പേയ്മെന്‍റ് പ്രൊട്ടക്ട്’ ഫീച്ചറാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രധാനമായും എല്ലാ ആപ്പുകളിലും വാലറ്റുകളിലും യുപിഐ വഴി നടത്തുന്ന ഇടപാടുകൾ ഇൻഷ്വർ ചെയ്യുന്ന ഒരു ഗ്രൂപ്പ് ഇൻഷുറൻസ് പ്ലാനാണിത്. ഇതിനായി കമ്പനി എച്ച്‌ഡിഎഫ്‌സി ഇആർജിഒ ജനറൽ ഇൻഷുറൻസുമായി സഹകരിച്ചിട്ടുണ്ട്.

പേടിഎമ്മിന്‍റെ പുതിയ ഇൻഷുറൻസ് ഓഫറായ പേടിഎം പേയ്മെന്‍റ് പ്രൊട്ടക്റ്റിന് പ്രതിവർഷം 30 രൂപ ചെലവ് വരും. ഇത് പേടിഎം ഉപയോക്താക്കളെ 10,000 രൂപ വരെയുള്ള മൊബൈൽ തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ സഹായിക്കും.

പ്രതിവർഷം ഒരു ലക്ഷം രൂപ വരെയുള്ള ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന കൂടുതൽ കവർ ഓപ്ഷനുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.