Problems of toothpaste – content written in malayalam language

ടൂത്ത് പേസ്റ്റിന്റെ പ്രശ്‌നങ്ങള്‍

https://media.mathrubhumi.com/images/2009/Sep/22/03096_110619.jpgപേസ്റ്റില്ലാതെ പല്ലുതേച്ചാല്‍ പല്ലുതേക്കാത്തത് പോലെയാണ് പലര്‍ക്കുമിന്ന്. 2000 കോടി രൂപയാണ്. ബ്രഷിനും പേസ്റ്റിനുമായി മലയാളികള്‍ ചെലവാക്കുന്നത്.


പല്ല് വെളുക്കില്ല

പല്ല് കേടാകാതിരിക്കാനൊരു വഴിയേയുള്ളൂ. പല്ല് തേപ്പ് തന്നെ. പേസ്റ്റ് ഉപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ദിവസവും രണ്ടു നേരം പല്ല് തേക്കണം. രാത്രി പല്ല് തേക്കുന്നത് ആരോഗ്യത്തിനും രാവിലെ പല്ല് തേക്കുന്നത് സൗന്ദര്യത്തിനും എന്നാണ് പൊതുവേ പറയാറ്. പേസ്റ്റിട്ട് പല്ലുതേച്ചാല്‍ പല്ല് വെളുക്കും എന്ന് കരുതുന്നവരാണ് പലരും. അതിനായി പലപലപേസ്റ്റുകളും മാറിമാറി പരീക്ഷിക്കാറുമുണ്ട്. സോപ്പ് തേച്ചാല്‍ വെളുക്കും എന്നു കരുതുന്നതുപോലെ മണ്ടത്തരമാണ് ഇതും. യഥാര്‍ഥത്തില്‍ ടൂത്ത് പേസ്റ്റുകള്‍ക്കൊന്നും തന്നെ പല്ല് വെളുപ്പിക്കാനോ പല്ലിന്റെ സ്വാഭാവിക നിറത്തിന് മാറ്റം വരുത്തുവാനോ ഉള്ള കഴിവില്ല.പല്ലില്‍ അടിഞ്ഞുകൂടിയ ആഹാരാവശിഷ്ടങ്ങളും ഡെന്റല്‍ പ്ലാക്കും (ഉമിനീരിലെ മ്യൂസിനും ഭക്ഷണാവശിഷ്ടങ്ങളും ചേര്‍ന്നുണ്ടാകുന്ന നേര്‍ത്ത ആവരണം) നീക്കുവാന്‍ മാത്രമാണ് അവയ്ക്ക് കഴിയുന്നത്. പഌക്ക് നീങ്ങിയ പല്ല് അപ്പോള്‍ കൂടുതല്‍ വെളുത്തതായി തോന്നുന്നുവെന്നുമാത്രം.


പേസ്റ്റിലുള്ളത്

പേസ്റ്റുകളുടെ പേരുകള്‍ പലതാണെങ്കിലും അവയിലെല്ലാം അടങ്ങിയിരിക്കുന്ന അടിസ്ഥാന ഘടകങ്ങള്‍ ഒന്നു തന്നെയാണ്. പല്ല് കേടാവുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ള ഫ്ലറൈഡ്, പല്ലിനെ പോളിഷ് ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനുമുള്ള അബ്രേസീവുകള്‍, പതപ്പിക്കുന്നതിനുള്ള ഡിറ്റര്‍ജന്റുകള്‍, പേസ്റ്റില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനുള്ള ഹ്യൂമക്ടന്റുകള്‍, പേസ്റ്റിന് ഉറപ്പുനല്‍കുന്നതിനുള്ള തിക്കനറുകള്‍. ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നതിനുള്ള പ്രിസര്‍വേറ്റീവുകള്‍, പേസ്റ്റിന് രുചി നല്‍കുന്ന ഫ്‌ളേവറുകള്‍, നിറം നല്‍കുന്ന കളറുകള്‍ എന്നിവയാണവ. ഇവ കൂടാതെ ഓരോ ബ്രാന്‍ഡ് പേസ്റ്റിലും അവരുടെ മാത്രം പ്രത്യേകതയായി അവകാശപ്പെടുന്ന കഴിവുകള്‍ പേസ്റ്റിന് നല്‍കുന്ന ചില വസ്തുക്കളും അടങ്ങിയിരിക്കും.


ഒരു പയറുമണിയോളം മാത്രം

ബ്രഡിനു മേല്‍ ജാം തേക്കുന്നതുപോലെയാണ് പലരും പല്ല് തേക്കാന്‍ പേസ്റ്റ് എടുക്കുന്നത്. ഇത് നല്ലതല്ല. ഒരു പയറ് മണിയോളമേ പേസ്റ്റ് വേണ്ടൂ. പേസ്റ്റില്ലെങ്കിലും കുഴപ്പമില്ല. ബ്രഷാണ് പ്രധാനം. ബ്രഷ് നിറയെ പേസ്റ്റെടുത്ത് പതപ്പിച്ച് തുപ്പുന്നതുകൊണ്ട് പല്ലിന് ഗുണമല്ല ദോഷമാണ് ഉണ്ടാവുക. പേസ്റ്റിന്റെ അളവല്ല, ബ്രഷിങ് എന്ന പ്രവൃത്തിമൂലമാണ് പല്ല് വൃത്തിയാവുന്നത്. അരമണിക്കൂറൊക്കെയെടുത്ത് പല്ല് തേക്കുന്നവരും ധാരാളം. ബ്രഷിങ്ങിന്റെ സമയം കൂടുന്നതുകൊണ്ട് പല്ലിന് ദോഷമാണുണ്ടാവുക. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുക എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെ 2-3 മിനുട്ട് മാത്രമേ പല്ല് തേക്കാന്‍ വേണ്ടതുള്ളൂ.


പേസ്റ്റിന്റെ

പ്രശ്‌നങ്ങള്‍

വായുടെയും പല്ലിന്റെയും ശുചിത്വത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ളതാണ് പേസ്റ്റുകളെങ്കിലും അവയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പേസ്റ്റിലെ പ്രധാന ഘടകമായ ഫ്ലറൈഡ് സാധാരണഗതിയില്‍ നല്ലതാണ്. കുറഞ്ഞ അളവില്‍ അടങ്ങിയ ഫ്ലറൈഡ് പല്ലിന് കേടില്‍ നിന്ന് സംരക്ഷണം നല്‍കുകയും ഇനാമലിനെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ഫ്ലറൈഡിന്റെ അളവ് കൂടുന്നത് പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പേസ്റ്റിന് പത നല്‍കുന്നതിനായി ഭൂരിപക്ഷം ബ്രാന്‍ഡുകളിലും ചേര്‍ക്കുന്ന സോഡിയം ലോറൈല്‍ ഫോസ്‌ഫേറ്റ് പോലുള്ള ഡിറ്റര്‍ജന്റുകള്‍ വായ്പുണ്ണിന് കാരണമാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

പല പേസ്റ്റുകളിലും അടങ്ങിയ പോളിഷിങ് ഏജന്റുകള്‍ പല്ലിന് പുളിപ്പുണ്ടാക്കുന്നതായും (tooth sensitivity) കാണുന്നു. ഇതുമൂലം തണുത്തതോ ചൂടുള്ളതോ ആയ ഭക്ഷണവും മധുരവുമൊക്കെ കഴിക്കുമ്പോള്‍ പല്ലില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടും. പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന പോളിഷിങ് ഏജന്റുകളുടെ പ്രവര്‍ത്തന ഫലമായി പല്ലിന്റെ ഇനാമല്‍ തേഞ്ഞ് നഷ്ടപ്പെടുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. ജാമിന്റേത് പോലെ നിറമുള്ളവയാണ് പല ജെല്‍ പേസ്റ്റുകളും.മാത്രമല്ല ചെറു മധുരവുമുണ്ടാകും. ഇതുമൂലം പല്ല് തേക്കുന്നതിനിടെയും മറ്റും കുട്ടികള്‍ അവ കഴിക്കാനിടയുണ്ട്. മഗ്നീഷ്യം, കാല്‍സ്യം കാര്‍ബണേറ്റ്, സിലിക്ക, ഫ്ലറൈഡ്, മറ്റ് രാസവസ്തുക്കള്‍ തുടങ്ങിയ അടങ്ങിയ അവ ഉള്ളില്‍പോകുന്നത് വയറിന് അസുഖവും മറ്റും പിടിപെടാന്‍ ഇടയാക്കും. അതുകൊണ്ടുതന്നെ കുട്ടികള്‍ പല്ല് തേക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയുണ്ടാവണം. കുട്ടികള്‍ക്ക് വെളുത്തപേസ്റ്റ് നല്‍കുന്നതാണ് നല്ലത്.


പേസ്റ്റ് വാങ്ങുമ്പോള്‍

പല്ലിന് തേയ്മാനം വരുത്തുന്ന അബ്രേസീവുകള്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള പേസ്റ്റ് വാങ്ങുക.

ബേക്കിങ് സോഡ, പെറോക്‌സൈഡ് എന്നിവ അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക. പല്ല് തേച്ചശേഷം നമുക്കനുഭവപ്പെടുന്ന ഫ്രഷ്‌നസിന് കാരണക്കാര്‍ പേസ്റ്റിലടങ്ങിയ ഈ രാസവസ്തുക്കളാണ്. ഇവ പല്ലിന് പുളിപ്പുണ്ടാക്കാനും ബി. പി കൂടാനും ഇടയാക്കാം.

ഫ്ലറൈഡിന്റെ അളവ് കുറഞ്ഞ പേസ്റ്റുകളാണ് നല്ലത്

കൊച്ചുകുട്ടികള്‍ക്ക് നല്‍കുന്ന പേസ്റ്റില്‍ ഫ്ലറൈഡ് ഇല്ലെന്ന് ഉറപ്പാക്കണം

ജെല്‍ പേസ്റ്റുകളുടെ നിരന്തര ഉപയോഗം പല്ലിന് തേയ്മാനവും പുളിപ്പും ഉണ്ടാക്കും. വെള്ള പേസ്റ്റാണ് നല്ലത്

പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ച ശേഷം നന്നായി വായ കഴുകണം. പേസ്റ്റിലെ രാസഘടകങ്ങള്‍ പല്ലിലും വായിലും തങ്ങിനില്‍ക്കുന്നത് നന്നല്ല. പല്ല് കേടാകും, വായ ചീത്തയാകും.

സോഡിയം ലോറൈല്‍ സള്‍ഫേറ്റ്(SLS), സോഡിയം ലോറേത്ത് സള്‍ഫേറ്റ്(SLES) എന്നിവ അടങ്ങിയ പേസ്റ്റുകള്‍ ഒഴിവാക്കുക. അവ വായ്പുണ്ണ്, ചൊറിച്ചില്‍ എന്നിവ ഉണ്ടാക്കും.


3 Replies to “Problems of toothpaste – content written in malayalam language”

Leave a Reply

Your email address will not be published. Required fields are marked *