വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണം; സ്പീക്കർ

ആലപ്പുഴ: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. വിഴിഞ്ഞത്ത് കലാപമുണ്ടാക്കുന്നതിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഷംസീർ പറഞ്ഞു.

തുറമുഖത്തിന്‍റെ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള ബൃഹത്തായ പദ്ധതി നിർത്തിവയ്ക്കാൻ കഴിയില്ല. സമരക്കാർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചെണ്ണം സർക്കാർ അംഗീകരിച്ചതായി തുറമുഖ മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും പറഞ്ഞിരുന്നു. പദ്ധതി ഫിനിഷിംഗ് പോയിന്‍റിൽ എത്തുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. എല്ലാവരെയും ബോധ്യപ്പെടുത്താനും പദ്ധതി പൂർത്തിയാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ചകൾ നടക്കുകയാണ്. കൂടുതലൊന്നും പറയാനില്ലെന്ന് മന്ത്രി പറഞ്ഞു.