ഡൽഹി: നടപ്പ് സാമ്പത്തിക വർഷം 16,000 കോടി രൂപയുടെ ഗ്രീൻ ബോണ്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒരുങ്ങുന്നു. ഇതാദ്യമായാണ് റിസർവ് ബാങ്ക് ഗ്രീൻ ബോണ്ട് പുറത്തിറക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി 8,000 കോടി രൂപ വീതം സമാഹരിക്കും.
ഗ്രീൻ ബോണ്ടിന്‍റെ ആദ്യ ഘട്ടം ജനുവരി 25ന് പുറത്തിറക്കും. 4,000 കോടി രൂപയുടെ 5 വർഷവും 10 വർഷവും കാലാവധിയുള്ള ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുക. രണ്ടാം ഘട്ടം ഫെബ്രുവരി 9ന് നടക്കും. ഈ ബോണ്ടുകൾ വിപണിയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ മൊത്തം കടമെടുക്കലിന്‍റെ ഭാഗമാണ്. 2022-23 കാലയളവിൽ വിപണിയിൽ നിന്ന് 14.21 ട്രില്യൺ രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഗ്രീൻ ബോണ്ടിന്‍റെ അഞ്ച് ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവയ്ക്കും. ദ്വിതീയ വിപണിയിൽ വ്യാപാരം നടത്താനുള്ള അവസരവും ഉണ്ടാകും. നിബന്ധനകൾ റിസർവ് ബാങ്ക് ഇഷ്യൂ ചെയ്യുന്ന പതിവ് ബോണ്ടുകൾക്ക് സമാനമാണ്. ആഗോളതലത്തിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് മൂലധനം സമാഹരിക്കുന്നതിന് വിവിധ രാജ്യങ്ങൾ ഹരിത ബോണ്ടുകൾ പുറത്തിറക്കുന്നുണ്ട്. ഈ ബോണ്ടുകളുടെ വരുമാനം കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്ന പൊതുമേഖലാ പദ്ധതികൾക്കായി ഇന്ത്യ വിനിയോഗിക്കും. 2070 ഓടെ നെറ്റ് കാർബൺ സീറോ രാജ്യമായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.