ന്യൂഡല്‍ഹി: ചില്ലറ പണപ്പെരുപ്പം തുടർച്ചയായ രണ്ടാം മാസവും ആർബിഐ പരിധിക്ക് താഴെ ആയതിനാൽ അടുത്ത ധനനയ യോഗത്തിൽ നിരക്ക് വർദ്ധനവ് ഉണ്ടായേക്കില്ലെന്ന് സൂചന. മോണിറ്ററി പോളിസി കമ്മിറ്റി ധനനയ യോഗത്തിൽ പരിഗണിക്കുന്നത് ചില്ലറ പണപ്പെരുപ്പമാണ്.
ഡിസംബറിൽ ചില്ലറ പണപ്പെരുപ്പം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഡിസംബറിൽ ചില്ലറ പണപ്പെരുപ്പം 5.72 ശതമാനമായിരുന്നു. സെൻട്രൽ ബാങ്കിന്‍റെ ഉയർന്ന ടോളറൻസ് പരിധിയായ 6 ശതമാനത്തിൽ താഴെയാണിത്. പണപ്പെരുപ്പത്തിലെ മൊത്തത്തിലുള്ള ഇടിവ് റിസർവ് ബാങ്ക് ധനനയം കർശനമാക്കുന്നത് താൽക്കാലികമായി നിർത്തുമെന്ന പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.
പണപ്പെരുപ്പത്തിനെതിരായ പോരാട്ടം തുടരുന്നതിനാൽ 2022 മെയ് മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.25% ആയി ഉയർത്തിയിരുന്നു. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 7% വളരുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പറയുന്നു.
അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 2022-23 ലെ 6.9% ത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ 6.6% ആയി കുറയുമെന്ന് ലോക ബാങ്കിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.