രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനം; ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്

ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.77 ശതമാനവും നവംബറിൽ 5.88 ശതമാനവുമായിരുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബറിലെ നിരക്ക് ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

റിസർവ് ബാങ്കിന്‍റെ റീട്ടെയിൽ പണപ്പെരുപ്പത്തിന്റെ പരിധി 2 മുതൽ 6 ശതമാനം വരെയാണ്. രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം കഴിഞ്ഞ രണ്ട് മാസമായി ഈ പരിധിയിൽ തുടരുകയാണ്. ഒക്ടോബർ വരെ റിസർവ് ബാങ്കിന്‍റെ ഏറ്റവും ഉയർന്ന മാർജിനായ 6 ശതമാനത്തിന് മുകളിലായിരുന്നു പണപ്പെരുപ്പം.

റീട്ടെയിൽ പണപ്പെരുപ്പം കുറയാൻ പ്രധാന കാരണം ഭക്ഷ്യ വിലയിലെ ഇടിവാണ്. പണപ്പെരുപ്പത്തിന്‍റെ 40 ശതമാനത്തോളം വരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഡിസംബറിൽ 4.19 ശതമാനമായി കുറഞ്ഞു. നവംബറിൽ ഇത് 4.67 ശതമാനമായിരുന്നു.