സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനായി സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ സ്ഥാപിക്കുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി 2,000 സ്കൂളുകളിൽ 9,000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ എട്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

റോബോട്ടിക്‌സ്, ഐ.ഒ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുത്തൻ സാങ്കേതികമേഖലകളിൽ പ്രായോഗികപരിശീലനം നൽകും. ശാസ്ത്രസാങ്കേതിക രംഗത്തെ കുട്ടികളുടെ അഭിരുചി വികസിപ്പിക്കാൻ പദ്ധതി സഹായിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാ വിദ്യാർത്ഥികൾക്കും പുതുതലമുറ സാങ്കേതികവിദ്യ പഠിക്കാൻ അവസരം ലഭിക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർസാദത്ത് പറഞ്ഞു.