എസ് രാജേന്ദ്രൻ വീട് ഒഴിയണ്ട; റവന്യൂ വകുപ്പിന്‍റെ നടപടിക്ക് താത്കാലിക സ്റ്റേ

മൂന്നാര്‍: വീട് ഒഴിയണമെന്ന റവന്യൂ വകുപ്പിന്‍റെ നടപടിക്കെതിരേ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ കോടതിയെ സമീപിച്ചു. രാജേന്ദ്രന്‍റെ ഹർജിയിൽ റവന്യൂ വകുപ്പിന്‍റെ നടപടികൾ കോടതി തൽക്കാലം സ്റ്റേ ചെയ്തു. മൂന്നാർ ഇക്കാനഗറിലെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴു ദിവസത്തിനകം വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് രാജേന്ദ്രന് നോട്ടീസ് നൽകിയിരുന്നു.

ദേവികുളം സബ് കളക്ടറുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫീസറാണ് നോട്ടീസ് നൽകിയത്. സ്വമേധയാ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്നും നോട്ടീസിൽ പറയുന്നു. എന്നാൽ വീട് ഒഴിയാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി രാജേന്ദ്രൻ കോടതിയെ സമീപിക്കുകയായിരുന്നു. കുടിയൊഴിപ്പിക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അതിജീവിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു. ജനിച്ച മണ്ണിൽ ജീവിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ആ അവകാശം എങ്ങനെ നിലനിർത്തണമെന്ന് തനിക്കറിയാമെന്നും രാജേന്ദ്രൻ പറഞ്ഞു.

അതേസമയം രാജേന്ദ്രനെ പിന്തുണച്ച് സിപിഐയും രംഗത്തെത്തി. ഇക്കാനഗറിൽ നിന്ന് ആരെയും കുടിയൊഴിപ്പിക്കരുതെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്ദ്രപാൽ പറഞ്ഞു. എന്നാൽ രാജേന്ദ്രന്‍റെ പ്രസ്താവനകൾ മാധ്യമ വാർത്തകൾക്ക് വേണ്ടിയുള്ളതാണെന്നാണ് സി.പി.എമ്മിന്‍റെ നിലപാട്. രാജേന്ദ്രനെ കുടിയിറക്കുന്നതിന് പിന്നിൽ എം.എം മണിയാണെന്ന വാദം വാർത്ത സൃഷ്ടിക്കാനുള്ള പ്രചാരണമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. രാജേന്ദ്രൻ പറയുന്ന എല്ലാത്തിനും മറുപടി പറയേണ്ട ബാധ്യത സി.പി.എമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു.