കളമശ്ശേരി സുനാമി ഇറച്ചി വില്പന; പിടിച്ചെടുത്ത ബില്ലുകളിൽ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും

കൊച്ചി: കളമശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം പൊലീസും മുനിസിപ്പൽ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്ന് 40 ലധികം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബില്ലുകളിൽ ഹോട്ടലുകളുടെ പേരുകൾ കളമശേരി നഗരസഭ വെളിപ്പെടുത്തിയിരുന്നില്ല. പ്രതിപക്ഷത്തിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും പ്രതിഷേധത്തെ തുടർന്ന് ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേരുകൾ നഗരസഭ പുറത്തുവിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിലുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. എന്നാൽ പട്ടിക അപൂർണ്ണമാണെന്നും ചില ഹോട്ടലുകളെ നഗരസഭ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

ഇന്നലെ നടത്തിയ പരിശോധനയിൽ നാൽപ്പതോളം കടകളിൽ അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് സംശയിക്കുന്ന രേഖകൾ കണ്ടെത്തിയിരുന്നു.  എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിലേക്ക് എത്തിച്ച ഇറച്ചിയുടെ രസീതുകളാണ് പിടിച്ചെടുത്തത്. എന്നാൽ പേരിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹോട്ടലുകളെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. ഇതോടെ ഔദ്യോഗികമായി സുനാമി ഇറച്ചി വാങ്ങിയതായി സംശയിക്കുന്ന ഹോട്ടലുകളുടെ പേരുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കളമശേരി നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാരും ഡി.വൈ.എഫ്.ഐയും വൻ പ്രതിഷേധവുമായി രംഗത്തെത്തി. ഈ കടകളിലേക്ക് പഴകിയ ഇറച്ചി വിതരണം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയില്ലെന്നും നിലവിൽ ബില്ലുകൾ മാത്രമാണ് കണ്ടെത്തിയതെന്നുമായിരുന്നു നഗരസഭയുടെ നിലപാട്.