സഞ്ജു വീണ്ടും വൈറൽ; മഴയത്ത് ഗ്രൗണ്ട് സ്റ്റാഫുകളെ സഹായിച്ച് താരം

ഹാമിൽട്ടൻ: മികച്ച ഫോമിലായിരുന്നിട്ടും ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ ആരാധകരുടെ രോഷം ഉയരുന്നതിനിടെ സഞ്ജു വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി. ഇത്തവണ മഴമൂലം കളി തടസ്സപ്പെട്ടപ്പോൾ ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനിറങ്ങിയാണ് സഞ്ജു ആരാധകരുടെ ഹൃദയം കവർന്നത്.

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 22 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ എത്തിയത്. മഴയും കാറ്റും കാരണം നിലം മൂടാൻ പാടുപെടുന്ന ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കാനാണ് സഞ്ജു ഗ്രൗണ്ടിലെത്തിയത്. ഗ്രൗണ്ട് സ്റ്റാഫിനെ സഹായിക്കുന്ന സഞ്ജുവിന്‍റെ വീഡിയോ രാജസ്ഥാൻ റോയൽസ് അവരുടെ ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്.