കടുത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരെ വെട്ടികുറയ്ക്കാനൊരുങ്ങി സ്വിഗ്ഗി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക.

2022 നവംബറിൽ സൊമാറ്റോ 3,800 ജീവനക്കാരിൽ 3 ശതമാനം പേരെ പിരിച്ചുവിട്ടതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് സ്വിഗ്ഗിയിലെ പിരിച്ചുവിടലുകൾ. സ്വിഗ്ഗി ജീവനക്കാർ നിലവിൽ കടുത്ത ജോലി സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഓഹരികളുടെ മോശം പ്രകടനം കാരണം സ്വിഗ്ഗിയുടെ പ്രാഥമിക രേഖകൾ സെബിയിൽ സമർപ്പിക്കാൻ വൈകി. ഇപ്പോൾ, ഐപിഒയ്ക്കുള്ള കരട് രേഖ സമർപ്പിക്കുന്നത് കമ്പനി 2023 ഡിസംബറിലേക്ക് മാറ്റിയതായും പറയുന്നു.

സ്വിഗ്ഗിയിലെ ഈ ജീവനക്കാർ മാത്രമല്ല, കമ്പനിയുടെ വിതരണ തൊഴിലാളികളും വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിനിമം ചാർജ് 30 രൂപയായി ഉയർത്തുക, തേർഡ് പാർട്ടി കമ്പനിയുടെ ഫുഡ് ഡെലിവറി പവർ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2022 നവംബറിൽ സ്വിഗ്ഗി ഫുഡ് ഡെലിവറി തൊഴിലാളികൾ കേരളത്തിൽ പണിമുടക്കിയിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രതിസന്ധികൾ കാരണം കമ്പനിക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നത്.