ഷെയർചാറ്റും മോജും ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു; 500ഓളം പേരെ ബാധിക്കും

സാമ്പത്തിക അസ്ഥിരത ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള നിരവധി ടെക് കമ്പനികൾ ഇപ്പോൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇപ്പോൾ ബാംഗ്ലൂർ ആസ്ഥാനമായുള്ള മൊഹല്ല ടെക്കിന്‍റെ ഉടമസ്ഥതയിലുള്ള ഷെയർചാറ്റും അതിന്‍റെ വീഡിയോ ആപ്ലിക്കേഷനായ മോജും തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങുകയാണ്. ഏകദേശം 500 ഓളം പേരെ ഇത് ബാധിക്കും. 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2,200 ലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതിന്‍റെ വിപണി മൂല്യം 500 കോടി ഡോളറാണ്. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബറിൽ ഓൺലൈൻ ഗെയിം കമ്പനിയായ ജീത് 11 മൊല്ല ടെക് അടച്ചുപൂട്ടിയിരുന്നു. ഇതേതുടർന്ന് നൂറോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടാലും, കമ്പനിയുടെ ലാപ്ടോപ്പുകൾ പോലുള്ള വസ്തുക്കൾ ജീവനക്കാർ തിരികെ നൽകേണ്ടതില്ല. നോട്ടീസ് കാലയളവിലെ മൊത്തം ശമ്പളം പിരിച്ചുവിടൽ പാക്കേജിൽ നൽകുന്നു. 2023 ജൂൺ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കും.

പരസ്യങ്ങളിൽ നിന്നുള്ള മൊഹല്ല ടെക്കിന്‍റെ വരുമാനത്തിന്‍റെ വലിയൊരു പങ്ക് ഷെയർചാറ്റിനുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ ഇത് 30 ശതമാനമായി ഉയർന്നിരുന്നു.