കോവിഡ് സംബന്ധിച്ച വിവരം പങ്കുവെക്കുന്നത് കുറ്റകരമല്ല; വ്യക്തത വരുത്തി പി.ഐ.ബി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുകയാണ്. ചൈനയിലടക്കം വ്യാപനത്തിന് കാരണമായ ബിഎഫ് 7 വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ജാഗ്രതാ സന്ദേശങ്ങൾക്കൊപ്പം വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരും കുറവല്ല. അത്തരമൊരു വൈറൽ സന്ദേശത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തി അധികം വൈകാതെ തന്നെ മറ്റൊരു വ്യാജസന്ദേശം കൂടി എത്തി. പിഐബി (പ്രസ് ഇൻഫർമേഷൻ ബ്യൂറോ) ട്വിറ്ററിൽ വൈറലായ വ്യാജ സന്ദേശവും അതിന്‍റെ യാഥാർത്ഥ്യവും പങ്കുവെച്ചിട്ടുണ്ട്.

കോവിഡിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നായിരുന്നു സന്ദേശത്തിന്‍റെ ഉള്ളടക്കം. എല്ലാ ഗ്രൂപ്പ് അംഗങ്ങളും കേന്ദ്രസർക്കാരിന്റെ ഉത്തരവിനെക്കുറിച്ച് ബോധവാൻമാരാകണമെന്നും സർക്കാർ ഏജൻസികൾക്ക് മാത്രമേ കോവിഡുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കിടാൻ കഴിയൂവെന്നും സന്ദേശത്തിൽ പറയുന്നു. തെറ്റായ സന്ദേശങ്ങളോ പോസ്റ്റുകളോ ഷെയർ ചെയ്താൽ ഗ്രൂപ്പ് അഡ്മിനും അംഗങ്ങൾക്കുമെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കുമെന്നും ജാഗ്രത പാലിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

എന്നാൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്കിംഗ് വിഭാഗം ഇത് ശരിയല്ലെന്ന് വ്യക്തമാക്കി. കോവിഡിനെക്കുറിച്ചുള്ള പോസ്റ്റുകൾ പങ്കിടുന്നത് കേന്ദ്ര സർക്കാർ കുറ്റകരമാക്കിയിട്ടില്ല. പക്ഷേ കോവിഡ് പോലുള്ള ഗുരുതരമായ രോഗത്തെക്കുറിച്ചുള്ള കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ പങ്കിടേണ്ടത് പ്രധാനമാണെന്ന് പിഐബി ട്വീറ്റ് ചെയ്തു.