സിൽവർലൈൻ; ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും മലക്കം മറിഞ്ഞസ്ഥിതിക്ക് സര്‍ക്കാര്‍ ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിന്‍വലിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം നിലനില്‍ക്കുന്നത് മൂലം പലര്‍ക്കും ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ജനവിരുദ്ധവും രാജ്യത്തിനും പരിസ്ഥിതിക്കും ഭീഷണിയുയർത്തുന്നതുമായ കെ റെയിൽ പദ്ധതി മരവിപ്പിച്ച് സര്‍ക്കാര്‍ യുടേണ്‍ എടുത്തത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണ്. ഭൂമി ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള റവന്യൂ വകുപ്പിന്‍റെ ഉത്തരവ് അതിന്റെ ആദ്യഘട്ടവിജയമായിരുന്നു. പാരിസ്ഥിതിക പഠനം, സാമൂഹികാഘാത പഠനം, ഡി.പി.ആർ തുടങ്ങി വ്യക്തമായ തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് സിൽവർ ലൈൻ പദ്ധതിക്കായി സർക്കാർ എടുത്ത് ചാടിയതെന്നും സുധാകരൻ പറഞ്ഞു.

56.69 കോടി രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് സിൽവർ ലൈൻ പദ്ധതിക്കായി ചെലവഴിച്ചത്. കൈപ്പുസ്തകങ്ങൾ, സംവാദങ്ങൾ, പ്രചാരണം, ശമ്പളം തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതെല്ലാം ഖജനാവിൽ തിരിച്ചേൽപ്പിച്ച് പൊതുജനങ്ങളോട് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.