സിൽവർലൈൻ; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി

തൃശൂർ: കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

അടിയന്തിരമായി പൂർത്തിയാക്കേണ്ട മറ്റ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കാൻ അവരെ ചുമതലപ്പെടുത്തിയതാണ്. റെയിൽവേ ബോർഡിന്‍റെ അനുമതി ലഭിച്ചാലുടൻ ഇവരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അംഗീകാരം ലഭിക്കുന്നത് വരെ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കുന്നതിനായി വിട്ടുനൽകിയ ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ തീരുമാനിച്ചത്.