എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും; പള്ളിയുടെ നിയന്ത്രണം പൊലീസിന്

എറണാകുളം: ഏകീകൃത കുർബാനയെച്ചൊല്ലി സംഘർഷാവസ്ഥ നിലനിൽക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും. പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. രാവിലെ ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിയ്ക്ക് മുന്നിൽ തടഞ്ഞിരുന്നു. തർക്കത്തിനൊടുവിൽ കുർബാന ചൊല്ലാതെ ആൻഡ്രൂസ് താഴത്ത് മടങ്ങി.

അനുരഞ്ജനത്തിന് തയ്യാറാവാത്ത ഔദ്യോഗിക, വിമത വിഭാഗങ്ങൾ ബസിലിക്കയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെയാണ് പള്ളി അടയ്ക്കാൻ പൊലീസ് തീരുമാനിച്ചത്. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് ലോവറിന്‍റെ ഏകോപിത താഴത്തിൻ്റെ കുർബാന രാവിലെ 6 മണിക്ക് സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നിശ്ചയിച്ചിരുന്നു.

എന്നാൽ മണിക്കൂറുകൾക്ക് മുമ്പ്, ഔദ്യോഗിക, വിമത വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ബസിലിക്കയ്ക്ക് മുന്നിൽ എത്തിയിരുന്നു. ഏകീകൃത കുർബാന ചൊല്ലാൻ ബിഷപ്പിനെ അനുവദിക്കില്ലെന്ന് നിലപാടെടുത്ത വിമത വിഭാഗം ബസിലിക്ക അകത്തുനിന്നും പൂട്ടി. ബിഷപ്പിന് സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ച് ഔദ്യോഗിക വിഭാഗം റോഡിൽ നിലയുറപ്പിച്ചു. പോലീസും സ്ഥലത്തെത്തിയിരുന്നു. തുടർന്ന് ബസിലിക്കയിൽ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് ഉൾപ്പെടെ മാറ്റി. സംഘർഷത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ബ്രോഡ് വേയിൽ ഗതാഗതം സ്തംഭിച്ചത്.