ചെന്നൈ: ടാറ്റ ആപ്പിളിനായി ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കും. ദക്ഷിണേന്ത്യയിൽ നിർമ്മാണ പ്ലാന്‍റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഫാക്ടറിയുടെ ഉടമസ്ഥരായ തായ്വാനിലെ വിസ്ട്രോൺ കോർപ്പറേഷനുമായി മാസങ്ങളായി ചർച്ചകൾ നടക്കുകയായിരുന്നു. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകാനാണ് സാധ്യത.
ഐഫോണുകളുടെ ഘടകഭാഗങ്ങള്‍ പ്രധാനമായും വിസ്ട്രോൺ, ഫോക്സ്കോൺ ടെക്നോളജീസ് തുടങ്ങിയ പ്രമുഖ തായ്വാനീസ് കമ്പനികളാണ് സംയോജിപ്പിക്കുന്നത്. യുഎസുമായുള്ള രാഷ്ട്രീയ പിരിമുറുക്കങ്ങളും കോവിഡ് -19 മൂലമുള്ള തടസ്സങ്ങളും കാരണം ചൈനയിലെ ഇലക്ട്രോണിക്സ് വ്യവസായം പ്രതിസന്ധി നേരിട്ടപ്പോൾ ടാറ്റയുടെ ഇടപെടൽ അവരുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശക്തി പകരും.
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ ചൈനയെ അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് പിന്മാറുകയാണ്. കോവിഡിനെതുടര്‍ന്ന് വിതരണ ശൃംഖലയിലെ തടസ്സം കാരണം ഉപകരണങ്ങൾ യഥാസമയം ലഭ്യമാക്കാൻ കഴിയാത്തതാണ് കാരണം.