22.9 ബില്യണ്‍ ഡോളറിന്റെ ടെസ്ല ഓഹരികള്‍ വിറ്റു; ട്വിറ്ററില്‍ പുതിയ നിക്ഷേപകരെ തേടി മസ്‌ക്

ടെസ്ല സിഇഒ എലോൺ മസ്ക് ട്വിറ്ററിൽ പുതിയ നിക്ഷേപകരെ തേടുന്നതായി റിപ്പോർട്ട്. മസ്ക് നൽകിയ അതേ നിരക്കിൽ ട്വിറ്ററിലെ ഓഹരികളിൽ നിക്ഷേപിക്കാൻ തയ്യാറുള്ളവരെയാണ് പരിഗണിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നിരക്കിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്ററിന്‍റെ മോശം സാമ്പത്തിക സ്ഥിതിയാണ് പുതിയ നിക്ഷേപങ്ങൾ തേടാൻ മസ്കിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഒക്ടോബറിൽ ടെസ്ല കോൺഫറൻസിൽ, ട്വിറ്ററിന് “അമിതമായ വില”യാണ് താൻ നൽകുന്നതെന്ന് മസ്ക് പറഞ്ഞിരുന്നു. ഭാവിയിൽ കമ്പനിയുടെ മൂല്യം ഉയരുമെന്ന് മസ്ക് അന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. 44 ബില്യൺ ഡോളറിന്‍റേതായിരുന്നു ട്വിറ്റർ ഇടപാട്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇതുവരെ 22.9 ബില്യൺ ഡോളർ വിലമതിക്കുന്ന ടെസ്ല ഓഹരികളാണ് മസ്ക് വിറ്റഴിച്ചത്.

ഡിസംബർ 12 നും 14 നും ഇടയിൽ 3.6 ബില്യൺ ഡോളർ വിലമതിക്കുന്ന ടെസ്ല ഓഹരികൾ മസ്ക് വിറ്റഴിച്ചതായി ഫോബ്സ് റിപ്പോർട്ട് ചെയ്തു. ട്വിറ്ററിൽ നിക്ഷേപം നടത്തിയതായി മസ്ക് വെളിപ്പെടുത്തിയതിന് ശേഷം ടെസ്ലയുടെ വിപണി മൂല്യം ഇതുവരെ 700 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. ലോകത്തിലെ ഏറ്റവും ധനികനെന്ന പദവി നഷ്ടപ്പെട്ട മസ്കിന്‍റെ ആസ്തി 169.1 ബില്യൺ ഡോളറാണ്. ഫ്രാൻസിന്‍റെ ബെർണാഡ് അർനോൾട്ട് (ചെയർമാൻ, എൽവിഎംഎച്ച് മോയിറ്റ് ഹെന്നസി ലൂയിസ് വിറ്റൺ) മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. 182.4 ബില്യൺ ഡോളറാണ് ബെർണാഡിന്‍റെ ആസ്തി.