ജാമ്യ വ്യവസ്ഥ തെറ്റിച്ചു; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎയും

ന്യൂ ഡൽഹി: യു.എ.പി.എ കേസിൽ അലൻ ഷുഹൈബിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എയും. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് എൻഐഎയുടെ നീക്കം.

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിന് എൻഐഎ കോടതി ജാമ്യം അനുവദിച്ചത് മറ്റൊരു കേസിലും ഉൾപ്പെടരുതെന്നതുൾപ്പടെയുള്ള കർശന ഉപാധികളോടെയാണ്. കണ്ണൂർ പാലയാട് ലോ കോളേജ് കാമ്പസിൽ വിദ്യാർത്ഥികളെ മർദ്ദിച്ചെന്നാരോപിച്ച് അലൻ ഷുഹൈബിനെതിരെ ഈ മാസം ആദ്യം എസ്എഫ്ഐ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അലനെതിരെ ധർമ്മടം പൊലീസ് കേസെടുത്തിരുന്നു. 

ഈ കേസ് ചൂണ്ടിക്കാണിച്ച് പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അലന്‍റെ വീട് പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ജാമ്യവ്യവസ്ഥകൾ ലംഘിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര എസ്.എച്ച്.ഒയ്ക്കായിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അലന്‍റെ ജാമ്യം റദ്ദാക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എൻഐഎ കോടതിയാണ്.