വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നത്; കെ.ടി.ജലീല്‍

തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും വൈദികർ കലാപത്തിന് പ്രേരിപ്പിക്കുന്നത് ഗൗരവമുള്ളതാണെന്നും കെ.ടി ജലീൽ എം.എൽ.എ. കേരളത്തിൽ ആദ്യമായാണ് നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തത്. ഓരോ മതസമുദായത്തിലെയും പുരോഹിതൻമാർ വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകുകയും ആരാധനാലയങ്ങളെ സമരകേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്താൽ, ഇന്ത്യ പോലൊരു ബഹുമതരാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വങ്ങൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ തകർത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. പുരോഹിതൻമാർ ആളുകളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. എല്ലാവരും നിയമത്തിന് വിധേയരാണ്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ലഘൂകരിച്ചാണ് വിഴിഞ്ഞം സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സർക്കാർ വിരുദ്ധരോടുള്ള അവരുടെ ‘കരുതൽ’ അപാരമെന്നും അദ്ദേഹം കുറിച്ചു.