ഒഴിപ്പിക്കല്‍ നോട്ടീസ് താമസിക്കുന്ന വീടിനല്ല; എസ്. രാജേന്ദ്രന്റെ വാദം പൊളിയുന്നു

മൂന്നാര്‍: താൻ താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ഈ വീട് ഇദ്ദേഹം വാടകക്ക് നൽകിയിരിക്കുകയാണെന്നതാണ് യാഥാർത്ഥ്യം. താനും ഭാര്യയും താമസിക്കുന്ന വീട്ടില്‍നിന്നും തങ്ങളെ കുടിയിറക്കുകയാണെന്നും തനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞത്‌.

കെ.എസ്.ഇ.ബി.യുടെ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയതോടെയാണ് ഇവിടെയുള്ള 70 പേര്‍ക്ക് നോട്ടീസ് ലഭിച്ചത്. തന്നോട് മാത്രമാണ് ഏഴ് ദിവസത്തിനകം ഒഴിയാന്‍ ആവശ്യപ്പെട്ടതെന്നും ബാക്കി 68 പേര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് മാത്രമാണ് ലഭിച്ചതെന്നും രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഈ ആരോപണങ്ങളും തെറ്റാണെന്ന് തെളിഞ്ഞു.