ഇടപെട്ട് ഹൈക്കോടതി; റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം നൽകണം

കൊച്ചി: റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിനുള്ള കമ്മീഷൻ ഉൾപ്പെടെ വ്യാപാരികൾക്ക് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

കുടിശ്ശിക തീർക്കാൻ വൈകിയാൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. റേഷൻ വ്യാപാരികൾ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കഴിഞ്ഞ ഫെബ്രുവരിയിൽ കുടിശ്ശിക കമ്മീഷൻ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് വ്യാപാരികൾ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.