മെക്സിക്കൻ പതാകയും ജേഴ്സിയും ചവിട്ടി; മെസിക്ക് ഭീഷണിയുമായി ബോക്സിംഗ് താരം 

മെക്‌സികോ സിറ്റി: അർജന്‍റീന-മെക്സിക്കോ മത്സരത്തിന് പിന്നാലെ ലയണൽ മെസിക്ക് ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിംഗ് ലോകചാമ്പ്യൻ കാനെലോ അൽവാരസ്. മെക്സിക്കോയ്ക്കെതിരായ മത്സരം ജയിച്ചതിന് ശേഷം മെസിയും സംഘവും ഡ്രസിംഗ് റൂമിൽ ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സമയത്ത് മെസി മെക്സിക്കോയുടെ ജേഴ്സിയും പതാകയും നിലത്തിട്ട് ചവിട്ടിയെന്നാണ് ആരോപണം.

ആഘോഷത്തിന്‍റെ വീഡിയോ പങ്കുവച്ചാണ് കനെലോ അൽവാരെസ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. “ഞങ്ങളുടെ പതാകയും ജേഴ്സിയും ഉപയോഗിച്ച് മെസി നിലം വൃത്തിയാക്കുന്നത് കാണുക,” അൽവാരെസ് ട്വീറ്റ് ചെയ്തു. “എന്നെ കാണാതിരിക്കാൻ അയാൾ ദൈവത്തോട് പ്രാർത്ഥിക്കട്ടെ. അർജന്‍റീനയെ ഞാൻ ബഹുമാനിക്കുന്നതുപോലെ നിങ്ങൾ മെക്സിക്കോയെയും ബഹുമാനിക്കണം. ഞാൻ അർജന്‍റീനയെ കുറിച്ചല്ല സംസാരിക്കുന്നത്, മെസിയെക്കുറിച്ചാണ് സംസാരിക്കുന്നത്,” അൽവാരെസ് പറഞ്ഞു.

പച്ച നിറത്തിലുള്ള ജെഴ്‌സി മെസി ബൂട്ട്‌കൊണ്ട് തട്ടുന്നത് വീഡിയോയിൽ കാണാം. ഇത് മെക്സിക്കൻ ജേഴ്സിയാണെന്നാണ് ആരോപണം. എന്നാല്‍ വീഡിയോയില്‍ മെസിയുടെ കാലിന് സമീപം ഒരു മെക്‌സിക്കോ ജെഴ്‌സി കിടക്കുന്നത് കാണാമെങ്കിലും മെക്സിക്കൻ പതാകയിൽ ചവിട്ടുന്നത് കാണാനില്ലെന്നായിരുന്നു ആരാധകരുടെ മറുപടി. ഏതായാലും സംഭവം ഏറെ ചർച്ചയായിരിക്കുകയാണ്.