അടുത്ത സാമ്പത്തിക വർഷം ദുഷ്‌കരം; 5 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ അത് ഭാഗ്യമെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്കും മറ്റ് രാജ്യങ്ങൾക്കും ദുഷ്കരമായിരിക്കുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പലിശ നിരക്ക് ഉയരുകയും കയറ്റുമതി കുറയുകയും ചെയ്യുന്നതിനാൽ അടുത്ത വർഷം 5 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും അടുത്ത വർഷം 5 ശതമാനം വളർച്ച കൈവരിക്കുകയാണെങ്കിൽ അത് നമ്മുടെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വളര്‍ച്ചാ നിരക്ക് കുറഞ്ഞതിന്റെ കാരണങ്ങളെ കുറിച്ചും രഘുറാം രാജന്‍ സംസാരിച്ചു. കോവിഡ് -19 മഹാമാരി വളർച്ചാ നിരക്ക് മന്ദഗതിയിലാകാനുള്ള കാരണങ്ങളിൽ ഒന്നാണെന്നും എന്നാൽ പകർച്ചവ്യാധിക്ക് മുമ്പ് തന്നെ ഇന്ത്യയുടെ വളർച്ചാ നിരക്ക് മന്ദഗതിയിലായിരുന്നുവെന്നും വളർച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.