പൊലീസ് സ്റ്റേഷൻ ആക്രമണം പ്രതീക്ഷിച്ചില്ല; അക്രമികളോട് വിട്ടുവീഴ്ചയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പൊലീസ് സ്റ്റേഷന് നേരെയുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും അക്രമികളുമായി ഒരു വിട്ടുവീഴ്ചയുമില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ വിശദീകരിച്ചു.

വിഴിഞ്ഞത്ത് സമരം നടക്കുന്ന പ്രദേശങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പൊലീസ് പ്രതീക്ഷിച്ചില്ല. സ്റ്റേഷന് നേരെയുള്ള ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകും. ആക്രമണത്തിൽ 35ലധികം പോലീസുകാർക്ക് പരിക്കേറ്റു. ക്രമസമാധാന പാലനത്തിനാണ് പോലീസ് ശ്രമിക്കുന്നത്. നിലവിൽ വിഴിഞ്ഞം തുറമുഖ മേഖലകളിൽ അഞ്ഞൂറിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും നിരോധനാജ്ഞ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.