പ്രളയകാലത്ത് കേരളത്തിന് നൽകിയ അരിയുടെ വില നൽകണം; കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം

ഡൽഹി: പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്കുള്ള പണം തിരികെ നൽകണമെന്ന് കേന്ദ്രസർക്കാർ കേരളത്തിന് അന്ത്യശാസനം നൽകി. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്ന് തിരികെ പിടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ആകെ 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സംസ്ഥാനം പറഞ്ഞെങ്കിലും കേന്ദ്രസർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെയാണ് പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടത്. 2018 ഓഗസ്റ്റിൽ കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് അരി അനുവദിച്ചത്.

89,540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അന്നുതന്നെ കേന്ദ്രം തുക ആവശ്യപ്പെട്ടിരുന്നു. പ്രളയകാലത്തെ അരിവിതരണം സഹായമായി കാണണമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ഇതിന് തയ്യാറായില്ല. കേന്ദ്രം നൽകുന്ന ഭക്ഷ്യ സബ്സിഡിയിൽ നിന്ന് പണം പിടിച്ചെടുക്കുമെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ പറഞ്ഞിരുന്നു.