ലോകത്തിലെ ആദ്യ അഭിഭാഷക റോബോട്ട് കോടതിയിലേക്ക്; ട്രാഫിക് ടിക്കറ്റ് കേസിൽ ഹാജരാകും

അടുത്ത മാസത്തോടെ ലോകത്തിലെ ആദ്യ റോബോട്ട് അഭിഭാഷകൻ കോടതിയിലെത്തും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്രവര്‍ത്തനക്ഷമമാക്കിയ ഈ ലീഗൽ അസിസ്റ്റന്‍റ് ട്രാഫിക് ടിക്കറ്റ് കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അതിന്‍റെ ഏറ്റവും പുതിയ സംവിധാനങ്ങൾ അവതരിപ്പിക്കുന്ന വർഷമാണ് 2023. റോബോ വക്കീലിന്‍റെ അരങ്ങേറ്റത്തോടെ ഇതിന് തുടക്കം കുറിക്കുകയാണ്.

ലോകത്തിലെ ആദ്യത്തെ റോബോട്ട് വക്കീലിനെ നിർമ്മിച്ചത് ഡുനോട്ട്പേ എന്ന കമ്പനിയാണ്. ഡുനോട്ട്പേയുടെ സ്മാര്‍ട് ഫോണ്‍ ആപ് വഴി ആയിരിക്കും റോബോട്ട് കോടതിയിലെ സംഭാഷണങ്ങള്‍ മുഴുവന്‍ കേള്‍ക്കുന്നതും പ്രതിക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതും. ഒരു മനുഷ്യ അഭിഭാഷകനെ പോലെ, ഈ റോബോട്ടിന് കോടതിയിൽ എന്ത് പറയണം എന്നതിനെക്കുറിച്ച് തന്‍റെ കക്ഷിക്ക് നിർദ്ദേശങ്ങൾ നൽകാൻ കഴിയും. ഇയർഫോണുകൾ വഴി മാത്രമാകും നിർദ്ദേശങ്ങൾ നൽകുക എന്ന് മാത്രം. 

 2015 ൽ ജോഷ്വാ ബ്രൗഡര്‍ ആണ് ഡുനോട്ട്പേ സ്ഥാപിച്ചത്. ലോകത്തിലെ ആദ്യത്തെ റോബോട്ട് വക്കീലിന്‍റെ ‘വീടാണ്’ ഇത് എന്നാണ് കമ്പനിയുടെ അവകാശവാദം.