ട്വിറ്ററിന് ഇനി പുതിയ തലവന്‍; മസ്ക് മേധാവി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

കാലിഫോര്‍ണിയ: എലോൺ മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഒഴിയണമോ എന്ന ചോദ്യത്തോടുള്ള ആളുകളുടെ പ്രതികൂല പ്രതികരികരണത്തിന് പിന്നാലെ എലോൺ മസ്ക് തൻ്റെ സിഇഒ പദവി ഒഴിഞ്ഞേക്കുമെന്ന് സൂചന. പകരം സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ തിരയുന്നതായും സിഎൻബിസി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മസ്ക് തന്നെ നടത്തിയ ട്വിറ്റർ വോട്ടെടുപ്പിൽ ഫലം താൻ അംഗീകരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

വോട്ടെടുപ്പിൽ പങ്കെടുത്ത 1.7 കോടി ഉപയോക്താക്കളിൽ 57.5 ശതമാനം പേരും മസ്ക് ട്വിറ്റർ മേധാവിയായി തുടരരുതെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം പേർ മാത്രമേ മസ്കിനെ അനുകൂലിച്ച് വോട്ട് രേഖപെടുത്തിയിരുന്നുള്ളു.

ഇതിനു പിന്നാലെയാണ് മസ്ക് പുതിയ സിഇഒയെ തേടുന്നതായി വാർത്തകൾ വന്നത്. ട്വിറ്റർ വൃത്തങ്ങളെ ഉദ്ധരിച്ചാണ്‌ സിഎൻബിസിയുടെ റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ മസ്ക് വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വോട്ടെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ പുതിയ സിഇഒയെ കണ്ടെത്താനുള്ള ചർച്ചകൾ മസ്ക് ആരംഭിച്ചതായാണ് വിവരം.