കെട്ടിടത്തിന് വാടക കൊടുക്കാതെ ട്വിറ്റർ; കേസുമായി ഉടമ

വാഷിങ്ടൺ: സാൻഫ്രാൻസിസ്കോയിലെ ഓഫീസ് കെട്ടിടത്തിന്‍റെ വാടകയടക്കാതെ ട്വിറ്റർ. 136,250 ഡോളറാണ് ട്വിറ്ററിന് വാടകയായി നൽകേണ്ടത്. കെട്ടിടത്തിന്‍റെ ഉടമസ്ഥതയിലുള്ള കൊളംബിയ പ്രോപ്പർട്ടി ട്രസ്റ്റ്, വാടക ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് ട്വിറ്ററിനു നോട്ടീസും നൽകിയിട്ടുണ്ട്.

ഹാർട്ട്ഫോർഡ് കെട്ടിടത്തിന്‍റെ 30-ാം നിലയിലാണ് ട്വിറ്ററിന്‍റെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി വാടക നൽകുന്നതിൽ ട്വിറ്റർ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടുകൾ. വീഴ്ച വരുത്തിയതിന് കമ്പനി സാൻഫ്രാൻസിസ്കോ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.

ആഴ്ചകളോളം ട്വിറ്റർ തങ്ങളുടെ ആസ്ഥാനത്തിനും ആഗോള ഓഫീസുകൾക്കും വാടക നൽകിയിട്ടില്ലെന്നു നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് ചാർട്ടേഡ് വിമാനങ്ങൾക്കുള്ള വാടകയും ട്വിറ്റർ നൽകിയില്ല. അതേസമയം, വാർത്തകളോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.