ട്വിറ്ററിന്‍റെ പ്രവർത്തനം നിലച്ചു; മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് സേവനം ലഭ്യമായില്ല

വാഷിങ്ടൺ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്‍റെ പ്രവർത്തനം നിലച്ചു. ഇതുമൂലം ആയിരക്കണക്കിന് ആളുകൾക്ക് സേവനം ലഭ്യമായില്ല. ഇത്തരം പിശകുകൾ ട്രാക്കുചെയ്യുന്ന ഡൗൺഡിറ്റൈക്ടർ.കോം എന്ന വെബ് സൈറ്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മൊബൈൽ, ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ട്വിറ്ററിന്‍റെ സേവനം ലഭ്യമല്ലായിരുന്നു. അവർക്ക് ട്വിറ്ററിലേക്ക് സൈൻ-ഇൻ ചെയ്യാനോ നോട്ടിഫിക്കേഷൻ നോക്കാനോ കഴിഞ്ഞില്ല.

ഏകദേശം 10,000 പേർക്ക് സൈറ്റിലേക്ക് പോകാൻ കഴിഞ്ഞില്ല. ഇവരുടെ അക്കൗണ്ടുകൾ ഓട്ടോമാറ്റിക്കായി ലോഗ് ഔട്ട് ആവുകയായിരുന്നു. ചിലർക്ക് ട്വിറ്ററിൽ നോട്ടിഫിക്കേഷൻ ലഭിച്ചില്ല.

ട്വിറ്ററിന്‍റെ സെർവറുകളുടെ ശേഷി കഴിഞ്ഞതോടെയാണ് വീണ്ടും പ്രശ്നം ഉണ്ടായതെന്നാണ് സൂചന. എലോൺ മസ്ക് സിഇഒ ആയ ശേഷം ഇത് രണ്ടാം തവണയാണ് ട്വിറ്ററിന് ഇത്തരമൊരു പ്രശ്നം ഉണ്ടാകുന്നത്.