വിഴിഞ്ഞം സമരം: വൈദികരടക്കമുള്ളവർക്കെതിരേ കേസ്, വധശ്രമം ഉള്‍പ്പെടെ വകുപ്പുകള്‍

തിരുവനനന്തപുരം: വിഴിഞ്ഞത്ത് കല്ലുകളുമായെത്തിയ ലോറികൾ തടഞ്ഞതിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വൈദികരടക്കമുള്ളവർക്കെതിരെ കേസ്. സമരം വീണ്ടും സംഘർഷത്തിലേക്ക് പോയ സാഹചര്യത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ പോലീസ് ചുമത്തുമെന്നാണ് വിവരം. സമരസമിതിക്ക് നേതൃത്വം നല്‍കുന്ന ഫാ.യൂജിൻ പെരേര അടക്കം വൈദികരും കേസില്‍ പ്രതികളാണ്. തുറമുഖ അനുകൂല സമിതി പ്രവർത്തകനെ ദേഹോപദ്രവം ചെയ്തതിനാണ് കേസ്.

അതേസമയം വിഴിഞ്ഞം ഉപരോധ സമരത്തിൽ നിർണായക നിലപാടുമായി സർക്കാർ രംഗത്തെത്തി. തുറമുഖ നിർമ്മാണം വൈകുന്നതു മൂലമുണ്ടാകുന്ന നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നു തന്നെ ഈടാക്കും. ഈ നിലപാട് ഹൈക്കോടതിയെ അറിയിക്കും.

വിഴിഞ്ഞം തുറമുഖ സമരം തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്ന് സർക്കുലർ വായിച്ചു. സമരസമിതി ഉന്നയിച്ച ഒരു ആവശ്യത്തിനും സർക്കാർ യുക്തിസഹമായ പരിഹാരം കണ്ടെത്തിയില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. ഓഖി വാർഷികമായ 29ന് വീടുകളിൽ മെഴുകുതിരി കത്തിക്കണം എന്നും വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കണം എന്നും സർക്കുലറിൽ ആഹ്വാനം ഉണ്ട്.