വിഴിഞ്ഞം സമരം; ഏഴ് ദിവസത്തേക്ക് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെ മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് നോട്ടീസിൽ പറയുന്നു.

അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ ഒന്നാം പ്രതിയാണ് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ. ഗൂഢാലോചന കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തുറമുഖത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, സഹായ മെത്രാൻ ആർ ക്രിസ്തുദാസ് എന്നിവരുൾപ്പെടെ അമ്പതോളം വൈദികർക്കെതിരെ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് പൊലീസ് കേസെടുത്തത്. 

സംഘർഷം നടന്ന സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറൽ ഫാ.യൂജിൻ പെരേര ഉൾപ്പെടെയുള്ള വൈദികർക്കെതിരെ വധശ്രമക്കുറ്റം അടക്കം ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പൊതുമുതൽ നശിപ്പിച്ചതായും പൊലീസ് കണക്കാക്കുന്നു. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ പിന്തുണയ്ക്കുന്നവർക്കെതിരെ രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സമരപ്പന്തലിൽ ഒത്തുകൂടി സംഘര്‍ഷമുണ്ടാക്കിയ ആയിരത്തോളം കണ്ടാലറിയുന്ന ആളുകളും കേസിൽ പ്രതികളാണ്.