വിഴിഞ്ഞം സമരം; സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അക്രമം ഇളക്കിവിട്ട് തീരപ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം.

ജനങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ ഇറങ്ങിയ ശക്തികൾ ആണ് കലാപം ലക്ഷ്യമിട്ട് അക്രമത്തിൽ ഏർപ്പെടുന്നത്. ഇതിന്‍റെ ഭാഗമാണ് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം. നിയമം കൈയിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ വികസനത്തിന് പ്രാധാന്യമുള്ള പദ്ധതികൾ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു. കേരളത്തിന്‍റെ വളർച്ചയ്ക്ക് വിഴിഞ്ഞം തുറമുഖം അത്യാവശ്യമാണ്. ഒരു ചെറിയ വിഭാഗം മാത്രമാണ് ഇപ്പോൾ സമരത്തിലുള്ളത്. ചില നിക്ഷിപ്ത താൽപ്പര്യമുള്ളവരാണ് അവരുമായി ചർച്ച ചെയ്യുന്നതിന് തടസം നിൽക്കുന്നത്. രാഷ്ട്രീയ ഇടപെടലുകളും സംഘർഷത്തിന് പിന്നിലുണ്ട്. ഇത്തരക്കാരെ തുറന്നുകാട്ടും. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ശക്തമായ പ്രചാരണം നടത്തണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.