വിഴിഞ്ഞം സമരം; തുറമുഖ മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കെസിബിസി. മന്ത്രി വിവേകത്തോടെ പ്രതികരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. മറ്റു മതസ്ഥർക്കെതിരെ സഭ ഒരു തരത്തിലുമുള്ള പ്രതികരണവും നടത്തിയിട്ടില്ല.

മന്ത്രിയുടെ പ്രസ്താവന പ്രശ്നം പരിഹരിക്കാൻ സഹായിക്കുമോ എന്ന് ചിന്തിക്കണം. വിഴിഞ്ഞം സമരത്തെ സി.പി.എം നേതാക്കൾ മോശമായി കാണുകയാണെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് പാലയ്ക്കാപിള്ളിൽ പറഞ്ഞു.

വിഴിഞ്ഞത്ത് മറ്റ് മതവിഭാഗങ്ങളുടെ വീടുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും മതസൗഹാർദ്ദം തകർക്കാൻ അനുവദിക്കില്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെങ്കിൽ ലത്തീൻ അതിരൂപത കോടതി ഉത്തരവ് ലംഘിക്കില്ലെന്നും മന്ത്രി കോഴിക്കോട്ട് വിമർശിച്ചു.