മാസ്ക് ധരിക്കണം വ്യക്തിശുചിത്വം പാലിക്കണം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും കൂടുതൽ പ്രധാന്യം നൽകണമെന്ന് ‘മൻ കി ബാത്തിൽ’ മോദി പറഞ്ഞു.

കൊവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ വാക്സിൻ കരുതൽ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല നഗരങ്ങളിലും ഇത് 10 മടങ്ങ് വരെയാണ്. മൂക്കിലൂടെ ഒഴിക്കാവുന്ന വാക്സിൻ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡിസംബർ 27ന് രാജ്യത്തുടനീളമുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മോക്ക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിനെ നേരിടാൻ ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുകയാണ് മോക്ഡ്രില്ലിന്‍റെ ലക്ഷ്യം. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരോഗ്യവകുപ്പ് മോക്ക്ഡ്രിൽ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.