ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നൽകി ഡബ്ല്യുഎച്ച്ഒ

ജനീവ: ഇന്ത്യൻ നിർമ്മിത ചുമ സിറപ്പുകൾക്കെതിരെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിർമ്മിച്ച ഗുണനിലവരമില്ലാത്ത രണ്ട് സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്ക് നൽകരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

സിറപ്പുകൾക്കെതിരെ ഉസ്ബെക്കിസ്ഥാൻ ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അംബ്രാനോൾ സിറപ്പ്, ഡോക്-1 ബാക് സിറപ്പ് എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിറപ്പിന്‍റെ ഗുണനിലവാരം സ്ഥിരീകരിക്കുന്ന രേഖകൾ നിർമ്മാതാക്കൾ ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ സിറപ്പുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്നാണ് ഉസ്ബെക്കിസ്ഥാന്‍റെ ആരോപണം.

എഥിലീൻ ഗ്ലൈക്കോൺ എന്ന രാസവസ്തു കഫ് സിറപ്പിൽ അടങ്ങിയിട്ടുണ്ടെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം കണ്ടെത്തി. തുടർന്ന് ഉത്തർപ്രദേശ് സർക്കാർ കമ്പനിയുടെ നിർമ്മാണ ലൈസൻസ് റദ്ദാക്കിയിരുന്നു.